കരിഞ്ചാമുണ്ടിയും മാപ്പിള തെയ്യവും
ആലി പായത്ത് മലയില്‍ താമസിക്കുന്ന ഒരു മാപ്പിളയായിരുന്നു. ഭാര്യയ്ക്ക് പേറ്റു നോവ് തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ
ആലി മലയുടെ അടിവാരത്ത് വെച്ച് സുന്ദരിയായ ഒരു
യുവതിയെ കണ്ടു
മുട്ടി. അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു
ആലിയുടെ ഒപ്പം കൂടി.
ആലിയുടെ വീട്ടിലെത്തിയ യുവതി അകത്ത് കയറി. ഏറെ നേരം
കഴിഞ്ഞിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും
കേള്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ നിലവിളിയും ശമിച്ചു. വാതില്‍ പടിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു വാതില്‍
ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി വയര്‍ പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ
ചോര കുടിക്കുന്ന ഭീകര
രൂപത്തെയാണ് മുന്നില്‍
കണ്ടത്.
ആലി തന്റെ സര്‍വ ശക്തിയുമെടുത്ത് ആ ഭീകര
രൂപത്തെ ആഞ്ഞു
ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ ഭീകര രൂപത്തെ കുപിതനായ ആലി പിന്തുടരുകയും
തന്റെ കയ്യിലുണ്ടായിരുന്ന
ഇരുമ്പുലക്ക കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ഭീകര രൂപം
വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ഗ്രാമം
തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ
ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. വിവരം നാട്ടില്‍ പാട്ടായപ്പോള്‍
ഗ്രാമവാസികള്‍ ഒന്നടങ്കം ഭയപ്പെട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്‍ദേവത തൃപ്തിയടഞ്ഞില്ല.
പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ
നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുര്‍ദേവതക്ക് കാവും
സ്ഥാനവും നല്‍കി ആദരിച്ചു. അതാണ് കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം.